jump to navigation

മഹാത്യാഗികള്‍ക്കു പുരസ്കാരം മേയ് 20, 2009

Posted by cvbasheer in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.
trackback

“ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ട് നിത്യവും ആത്മാര്‍ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്കു സ്നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, സുഹൃത്തുക്കളേ! ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.എ ഇതാ എത്തിക്കഴിഞ്ഞു.”
“ഞാനല്‍പ്പം വൈകിപ്പോയി. തിരഞ്ഞെടുപ്പല്ലേ? ശ്ശേ! തെരക്കോട് തെരക്ക്! പോരാത്തേന്‍ അസംബ്ളീം. അവിടെ കേറണം; എറങ്ങണം; പിന്നേം കേറണം. ഇതൊക്കെപ്പറഞ്ഞാല്‍ ആര്‍ക്കാ മനസ്സിലാവുക…”
‘ശരിയാ സാറേ.’
“അപ്പഴേ, ഞാന്‍ രണ്ടുവാക്ക് പറയേണ്ടേ? ഓ, ചോദിക്കാന്‍ വിട്ടു. ദേശസ്നേഹികളെ ആദരിക്കൂന്നല്ലേ പറഞ്ഞത്? ബോംബേലും കശ്മീരിലുമൊക്കെ ചത്തവരുടെ ബന്ധുക്കളെയായിരിക്കും. സഹായം കൊടുക്കാന്‍ ഞാന്‍ സി.എമ്മിന് എഴുതുന്നുണ്ട്.”
“സാറേ! നിസ്വാര്‍ഥന്‍ പിള്ള സാര്‍ എം.എല്‍.എ അവര്‍കളേ! നമസ്കാരം!”
‘നമസ്കാരം’
“ഈ വാണംവിടുമ്പോലെ എങ്ങോട്ടാ എന്റെ… സാറേ?”
“ങേ! താന്‍… സ്പിരിറ്റ് മത്തായിയല്യോ? തനിക്കെന്താ ഇവിടെ കാര്യം?”
“അപ്പം സാറിനെന്നെ മനസ്സിലായി. ദേ, നോക്ക്, സാറിനു വോട്ട് ചെയ്തതിന്റെ മഷി ഇപ്പോഴും ഒണങ്ങീട്ടില്ല. കണ്ണുതൊറന്നൊന്ന് നോക്കിയാട്ടെ. ദാ, ഇബ്ബിടെ, ഇബ്ബിടെ നോക്കെന്റെ എം.എല്‍.എ അവര്‍കളേ. കണ്ടോ, മഷി കണ്ടോ?”
“മത്തായിയേ, ഇതു മോശമല്ലേടോ? താനിങ്ങനെ കുടിച്ചു കൂത്താടിനടന്നാല്‍ തന്റെ കുടുംബം പട്ടിണിയാകത്തില്യോ?”
“നിസ്വാര്‍ഥന്‍ പിള്ള സാറേ, സാറെന്നെ അങ്ങനെ കൊച്ചാക്കണ്ട എന്റെ സാറേ. സാറിനെപ്പോലുള്ളോര്‍ക്കു വേണ്ടിയാ സാറേ ഞാന്‍ ദെവസ്സോം കുടിക്കുന്നത്. ഇതു പറയുമ്പോള്‍ തന്നെ എന്റെ തൊണ്ട ഇടറുന്നു, സാറേ.”
“എടോ, ഇവിടെ ദേശസ്നേഹികളെ ആദരിക്കുന്ന ഒരു ചടങ്ങു നടക്കാന്‍ പോവുകയാ. താനത് അലമ്പാക്കാതെ വേഗം സ്ഥലംവിട്ടോ. അപ്പോ നമുക്കു പിന്നെക്കാണാം.”
“സാറിതും പറഞ്ഞേച്ചങ്ങ് പോവാതെ. സാര്‍ ആരെയാ ആദരിക്കാന്‍ പോന്നത്? ദേ, അവരിവിടിരുന്നാല്‍ പിന്നെ നിസ്വാര്‍ഥന്‍ പിള്ള സാറ് ആരെ ആദരിക്കും? ദേ, ഇങ്ങോട്ടു നോക്കിയാട്ടെ എം.എല്‍.എ സാറേ!”
“ഈ കുടിയന്‍മാരെയൊക്കെ ആരിങ്ങോട്ട് എഴുന്നള്ളിച്ചുകേറ്റി? എടോ, ആ പോലിസുകാരെ വിളിച്ച് ഇവന്മാരെ പുറത്താക്ക്. ശ്ശൊ! നമ്മുടെ നാടിന്റെ ഒരു ഗതിയേ! എവിടെ ചെന്നാലും മദ്യപാനികള്‍. എടോ, താനാ പോലിസിനെ വിളിക്ക്.”
സംഘാടകര്‍ പരുങ്ങുന്നു.
“എന്താ, തനിക്കു വയ്യേ? എനിക്കു സമയം കളയാനില്ല. ഈ കുടിയന്മാരെ തൂക്കിയെടുത്തു പുറത്താക്കീട്ട് മതി യോഗം. താനാ ആദരിക്കേണ്ടവരുടെ പേരു പറഞ്ഞാട്ടെ.”
“സാറെ, ഞങ്ങളിവരെ ക്ഷണിച്ചുവരുത്തിയതാണ്, സാര്‍.”
“ങേ! എന്തിന്? ഇവിടെന്താ അഖില കേരള കുടിയന്മാരുടെ സമ്മേളനമുണ്ടോ?”
“സാര്‍, ഞങ്ങളെ ചീത്തപറയുന്നതെന്തിനാണ് സാറേ? ഇവര്‍ ക്ഷണിച്ചുവരുത്തിയതാ ഞങ്ങളെ. സാറ് പൊന്നാട അണിയിക്ക്, സാറേ.”
“നിസ്വാര്‍ഥന്‍ പിള്ള സാറ് കേള്‍ക്കണം. ഞങ്ങള്‍ ദെവസ്സോം ബിവറേജസില്‍ ക്യൂ നിന്ന് കുപ്പി വാങ്ങി വെള്ളം ചേര്‍ക്കാതടിച്ച് പൂക്കുറ്റിയായില്ലേല്‍ കാണാം സാറേ, ഈ നാടിന്റെ ഗതി. എത്ര കോടി രൂപയാ സാറേ, ഞങ്ങള്‍ ദെവസ്സോം സര്‍ക്കാരിന്റെ ഖജാനയിലേക്കിട്ടുകൊടുക്കുന്നേ. ഈ കുടിയന്മാരുടെ കാശുകൊണ്ടാ സാറേ, സര്‍ക്കാര്‍ തട്ടിമുട്ടി നിലനിന്നുപോവുന്നെ. ഞങ്ങളു കുപ്പി വാങ്ങുന്ന കാശുകൊണ്ടാ സാറേ, സര്‍ക്കാര്‍ ശമ്പളം കൊടുക്ക്വേം പാലം പണിയുകേമൊക്കെ ചെയ്യുന്നത്.”
“അപ്പം നിങ്ങളെയാ ഞാന്‍ ആദരിക്കേണ്ടത്, അല്ല്യോ! ഗോപാലന്‍ നായരേ, നിങ്ങളെന്നെ അപമാനിക്കാന്‍ വിളിച്ചോണ്ടുവന്നതാ? കുടിയന്മാര്‍ക്കാ ത്യാഗി പുരസ്കാരം! എടോ, ഞാനിത് അസംബ്ളീല്‍ ഉന്നയിക്കും. അവകാശലംഘനത്തിന് എല്ലാറ്റിനേം കൂട്ടില്‍ കേറ്റും, ഓര്‍ത്തോ.”
“പിന്നേ പിന്നേ! ഞങ്ങളെ സാറെന്നാ പുളുത്തുമെന്നാ പറയുന്നത്? അസംബ്ളീല്‍ കേറി അണ്ണാക്ക് വച്ച് ഇറങ്ങിപ്പോന്നിട്ട് അലവന്‍സും ബത്തയുമെഴുതിവാങ്ങി ഞെളിഞ്ഞ് ലാത്തുന്നേന് എവിടന്നാ കാശ്? ഞങ്ങളെപ്പോലുള്ളോരു ദെവസ്സോം കുപ്പി പൊട്ടിക്കുന്നോണ്ടാ ഈ കാശൊക്കെ ഖജനാവിലൊണ്ടാവുന്നേ. ഞങ്ങള്‍ കുടിനിര്‍ത്തിയാ സാറും പട്ടിണി; അബ്കാരികളും പട്ടിണി; ഖജനാവും കാലി; നാട്ടാരും ഗോപി! അതുകൊണ്ട് സാറേ, എം.എല്‍.എ അവര്‍കളേ! ദേശസ്നേഹികളായ ഈ കുടിയന്മാരെ പൊന്നാടയണിയിച്ച്, ത്യാഗീ പുരസ്കാരം നല്‍കി ആദരിച്ചിട്ടു പോയാമതിയെന്റെ സാറേ! വെള്ളം ചേര്‍ക്കാതെ ലാര്‍ജടിച്ച് ദെവസ്സോം ഖജനാവ് നെറയ്ക്കുന്ന ത്യാഗികളാ, സാറേ, ഞങ്ങള്‍. അതോര്‍മവേണം, കെട്ടോ!!”

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.