പോന്നതു ഭാഗ്യം! മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.trackback
നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു.
‘നല്ല രസമായിരുന്നു,’ അയാൾ പറയുകയാണ് ‘ഞാൻ ചെന്ന തിങ്കളാഴ്ച ഒരു വീടിനു തീപ്പിടിച്ച് രണ്ടുപേർ ചത്തു. അടുത്ത ദിവസം ഒരു നായ പേയിളകി മൂന്നു പേരെ കടിച്ചു; ഞാനവരുടെ മുറിവിൽ ഇരുമ്പു പഴുപ്പിച്ചുവച്ചു. ബുധനാഴ്ച നല്ല മഴ; കുറേ വീടു തകർന്നു. വ്യാഴാഴ്ച ഒരു കാള ഭ്രാന്തിളകി ചന്തയിലോടിനടന്ന് രണ്ടുപേരെ കൊന്നു. വെള്ളിയാഴ്ച ഒരുത്തൻ വട്ടു പിടിച്ച് അവന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊത്തിനുറുക്കി. ഞാനവനെ അടിച്ചുശരിയാക്കി കവലയിൽ കൊണ്ടുപോയി തൂക്കിലിട്ടു. ശനിയാഴ്ച ഒരു വീടിടിഞ്ഞ് അകത്തുണ്ടായിരുന്നവരൊക്കെ ചത്തു. ഞായറാഴ്ച തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന ഒരു പെണ്ണ് ഒരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തതു കാണാനും പോയി. ഒരാഴ്ച പോയതറിഞ്ഞില്ല!’
നസ്രുദീന് തന്റെ വെറുപ്പു മറച്ചുപിടിക്കാൻ പറ്റിയില്ല:
‘നിങ്ങൾ എത്രയും വേഗം ആ നാട്ടിൽ നിന്നു പോന്നതു നന്നായി. അല്ലെങ്കിൽ അവിടെ ഒറ്റ മനുഷ്യൻ ജീവനോടെ ശേഷിക്കുമായിരുന്നില്ല; ഒരു മരം പോലും നിവർന്നു നിൽക്കുമായിരുന്നില്ല!’

അഭിപ്രായങ്ങള്‍»
No comments yet — be the first.